Skip to content

ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കണ്ടിരിക്കേണ്ട തമിഴ് നാട്ടിലെ ഒരു സ്ഥലം…! സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരമുണ്ട്…

Posted in Uncategorized

തടാകവനം എന്ന പേരില്‍ പ്രസിദ്ധമായ ഹില്‍ സ്റ്റേഷനാണ് ഏര്‍ക്കാട്. സേലം ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തെ തമിഴ്‌നാട്ടിലെ മൂന്നാര്‍ എന്ന് വിശേഷിപ്പിക്കാം. ‘ഏരി’ എന്ന തമിഴ് വാക്കിനോട് കാട് എന്ന പദം ചേര്‍ന്നാണ് ഏര്‍ക്കാടിന് ഈ പേര് വന്നത്. തടാകം എന്നാണ് ഏരി എന്ന വാക്കിന്റെ അര്‍ഥം. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരമുണ്ട് ഏര്‍ക്കാടിന്.

ഏര്‍ക്കാട് നമ്മുടെ പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിയുമായി ഏറെ സാമ്യം ഉള്ളതാണ്. പശ്ചിമഘട്ടത്തില്‍ ഉള്ള പല മരങ്ങളും ചെടികളും ഇവിടെയുമുണ്ട്. സേലത്തുനിന്ന് ഏകദേശം 35 കിലോമീറ്റര്‍ ഉണ്ട് ഏര്‍ക്കാട്ടേക്ക്; വഴിയില്‍ 20 ഹെയര്‍പിന്‍ വളവുകളും. വീതികുറഞ്ഞ വഴി ശരിക്കും പേടിപ്പെടുത്തുന്നതെങ്കിലും കുണ്ടും കുഴികളുമൊന്നുമില്ല. കാപ്പിക്കുരുവാണ് ഏര്‍ക്കാടിന്റെ പ്രധാന വിള.

സെര്‍വരായന്‍ കുന്നും അമ്ബലവും

ഏര്‍ക്കാടിലെഏറ്റവും ഉയരമുള്ള സ്ഥലമാണ് സെര്‍വരായന്‍ കുന്ന്. കുന്നിനു മുകളിലായി സെര്‍വരായന്‍ അമ്ബലം സ്ഥിതി ചെയ്യുന്നു. സെര്‍വരായന്‍ അമ്ബലം ഒരു ഗുഹാ ക്ഷേത്രമാണ്. 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന അമ്ബലത്തില്‍ ഉത്സവം മെയ് മാസത്തില്‍ വലിയൊരു ആഘോഷമായിട്ട് വിശ്വാസികള്‍ കൊണ്ടാടുന്നു. ഇവിടേക്കുള്ള പ്രവേശന സമയം രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ആണ്. ഏര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം ഏഴ് കിലോമീറ്ററോളം ദൂരത്തിലാണ് ഈ കുന്നും അമ്ബലവും. 5326 അടിയോളം ഉയരമുണ്ട് കുന്നിന്. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ കൂടി യാത്ര ചെയ്താല്‍ നഗലോര്‍ ഗ്രാമത്തിലുള്ള ‘ശ്രീചക്ര മഹാ മേരു’ അമ്ബലത്തിലെത്താം. പിരമിഡ് ആകൃതിയില്‍ ഒറ്റക്കല്ലില്‍ പണിതെടുത്തിരിക്കുന്ന അമ്ബലത്തിനു ചുറ്റും വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നു. രാവിലെ ആറു മുതല്‍ ഒന്നു വരെയും വൈകിട്ടു നാലു മുതല്‍ ഏഴു വരെയുമാണു ഇവിടത്തെ ദര്‍ശനസമയം ക്രമീകരിച്ചിരിക്കുന്നത്.

ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം നാലു കിലോ മീറ്റര്‍ ദൂരത്തില്‍ മറ്റൊരു ക്ഷേത്രം കൂടിയുണ്ട് ഇവിടെ. രാജരാജേശ്വരി ക്ഷേത്രം. പ്രകൃതിരമണീയമായ മറ്റൊരു താഴ്‌വാരമാണ് ഈ അമ്ബലപരിസരവും. 1983ലാണ് വിശ്വാസികള്‍ക്കായി ഈ ആരാധനാലയം തുറന്നത്.

കരടിയൂര്‍ വ്യൂ പോയിന്റ്

ഏര്‍ക്കാട് നിന്നും 12 കിലോമീറ്റര്‍ അകലെയാണ് കരടിയൂര്‍ വ്യൂ പോയിന്റ്. കരടിയൂര്‍ ഗ്രാമത്തില്‍ നിന്ന് 500 മീ. അകലെയുള്ള വ്യൂ പോയിന്റിലേക്ക് മണ്ണ് വഴിയേ നടക്കണം. കാലങ്ങള്‍ക്കു മുന്‍പ് ഒരുപാട് കറുത്തുമെഴുത്ത കരടിക്കുട്ടന്മാര്‍ ഇവിടെ ഉണ്ടയിരുന്നത്രെ, അതിനാല്‍ ആണ് ഈ ഗ്രാമം ‘കരടിയൂര്‍’ (കരടി+ഊര്) എന്നറിയപ്പെടുന്നത്. കരടിയൂര്‍ മാത്രമല്ല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കിളിയൂര്‍ വെള്ളച്ചാട്ടം, മരതകതടാകം തുടങ്ങി നിരവധി കാഴ്ചകള്‍ എര്‍ക്കാടില്‍ നിങ്ങളെയും കാത്തിരിക്കുന്നുണ്ട്.