Skip to content

ഇതാ, ഐ പി എല്ലിലെ ചില ‘ലോക തോൽവി’കൾ… പണത്തിനൊത്ത മൂല്യം കളിക്കളത്തിൽ കാണിക്കാത്ത താരങ്ങൾ…

Posted in Uncategorized

കോടികൾ മുടക്കി ടീമിലെടുത്ത താരങ്ങൾ ഫ്ലോപ്പുകളാകുന്നത് ഐപിഎല്ലിൽ പുതുമയല്ല. 13.5 കോടി വീതം മുടക്കിയാണു രാജസ്ഥാൻ റോയൽസ് ഇത്തവണ ബെൻ സ്റ്റോക്സിനെയും ജെയ്ദേവ് ഉനദ്കട്ടിനെയും ടീമിലെടുത്തത്. ഇംഗ്ലണ്ടിനായുള്ള മികച്ച ഓൾറൗണ്ട് പ്രകടനവും ഐപിഎല്ലിൽ കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനവുമാണു സ്റ്റോക്സിന്റെ വില കുത്തനെ ഉയർത്തിയത്. ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ഇന്ത്യൻ ബോളർ എന്ന ഖാതി ഉനദ്കട്ടിനെയും താരലേലത്തിൽ വിഐപിയാക്കി.

ഐപിഎൽ പ്ലേ ഓഫിലേക്ക് അടുക്കുമ്പോൾ ഇരുവരും നനഞ്ഞ പടക്കമായതാണ് ഇതുവരെയുള്ള കാഴ്ച. ബാറ്റുകൊണ്ടോ പന്തുകൊണ്ടോ രാജസ്ഥാനെ ഒരു മൽസരത്തിൽ പോലും ജയിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. ഇതുവരെയുള്ള പ്രകടനം ആധാരമാക്കിയാൽ ഈ ഐപിഎല്ലിലെ വമ്പൻ ഫ്ലോപ്പുകൾ ഇവർ രണ്ടുപേരുമാണ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ വേറെയുമുണ്ട് പണത്തിനൊത്ത മൂല്യം കളിക്കളത്തിൽ കാണിക്കാത്ത താരങ്ങൾ.

ആൻഡ്രു ഫ്ലിന്റോഫ് (ചെന്നൈ സൂപ്പർ കിങ്സ്) 2009

ടീമിന്റെ നട്ടെല്ല് ഓൾറൗണ്ടർമാരാകുമെന്ന പ്രതീക്ഷയിൽ ആൻഡ്രു ഫ്ലിന്റോഫിനെ ചെന്നൈ ടീമിലെടുത്തത് 9.66 കോടി രൂപയ്ക്ക്. മൂന്നു മൽസരങ്ങൾ മാത്രമാണ് ഇംഗ്ലണ്ട് താരത്തിനു കളിക്കാനായത്. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നു ഫ്ലിന്റോഫ് നാട്ടിലേക്കു മടങ്ങി.

തുക: 9.66 കോടി രൂപ, മൽസരങ്ങൾ: 3, റൺസ്: 64, വിക്കറ്റ്: 2

ബ്രെറ്റ് ലീ (പഞ്ചാബ്) 2010

6.10 കോടി രൂപയാണ് പഞ്ചാബ് ബ്രെറ്റ് ലീയ്ക്കായി മുടക്കിയത്. നാലു കളികളിൽ ഇറങ്ങിയ ഓസ്ട്രേലിയൻ പേസർക്ക് ഒരൊറ്റ വിക്കറ്റ് പോലും സ്വന്തമാക്കാനായില്ല. നേടിയത് 11 റൺസ്.

തുക: 6.10 കോടി രൂപ, മൽസരങ്ങൾ: 4, വിക്കറ്റ്; പൂജ്യം, റൺസ്:11

രവീന്ദ്ര ജഡേജ (ചെന്നൈ) 2012

നായകൻ ധോണിയുടെ താൽപര്യപ്രകാരം 12.4 കോടിയാണു ജഡേജയ്ക്കായി ചെന്നൈ മാനേജ്മെന്റ് മുടക്കിയത്. സീസണിൽ 19 കളിയിൽനിന്നു ജഡേജ നേടിയത് 191 റൺസ്. 7.80 ഇക്കോണമിയിൽ നേടാനായതു 12 വിക്കറ്റുകളും.

തുക: 12.4 കോടി രൂപ, മൽസരം: 19, റൺസ്: 191, വിക്കറ്റ്: 12

യുവരാജ് സിങ് (ഡൽഹി) 2015

യുവിയെ ഡൽഹി വിശ്വാസത്തിലെടുത്തു; 16 കോടി മുടക്കി ടീമിലുമെടുത്തു. പിഞ്ച് ഹിറ്ററായ അറിയപ്പെട്ടിരുന്ന യുവരാജിന്റെ സീസണിലെ സ്ട്രൈക്ക് റേറ്റ് 118.09. 14 കളികളിൽനിന്നു താരം നേടിയതാകട്ടെ, 248 റൺസും.

തുക: 16 കോടി, മൽസരങ്ങൾ: 14, റൺസ്: 248, വിക്കറ്റ്: 1

പവൻ നേഗി (ഡൽഹി) 2016

താരലേലത്തിൽ വമ്പൻ സ്രാവുകൾക്കൊപ്പം നീന്തിയ പവൻ നേഗി എന്ന ചെറുമീൻ ഡൽഹിയുടെ 8.5 കോടിയുടെ ചൂണ്ടയിലാണു കുരുങ്ങിയത്. എന്നാൽ 2106ൽ നേഗി പന്തുകൊണ്ടും ബാറ്റുകൊണ്ടും നിരാശപ്പെടുത്തി.

തുക: 8.5 കോടി, മൽസരങ്ങൾ:

8, വിക്കറ്റ്: 1, ഇക്കോണമി നിരക്ക്: 9.33

ടൈമൽ മിൽസ് (ബാംഗ്ലൂർ) 2017

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ടൈമൽ മിൽസിന്റെ പ്രകടനത്തിൽ ഐപിഎൽ ടീം ഉടമകളുടെ കണ്ണുടക്കി. വാശിയേറിയ വിളിക്കൊടുവിൽ ഇംഗ്ലിഷ് പേസറെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 12 കോടിക്ക് ടീമിലെടുത്തു.

നേടിയത് അഞ്ചു കളിയിൽ അഞ്ചു വിക്കറ്റ്!

തുക: 12 കോടി, മൽസരങ്ങൾ: 5, വിക്കറ്റ്: 5, ഇക്കോണമി നിരക്ക്: 8.57