Skip to content

” അമ്മ ” എന്ന വാക്കിന്റെ മഹത്വം.. തന്റെ ഓരോ ശ്വാസത്തിലും അമ്മയുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ഒരു മകൻ എഴുതിയ കുറ്റിപ്പ്…

Posted in Uncategorized

ഹൃദയത്തിൽത്തൊടുന്ന ചിത്രങ്ങളും ചിലപ്പോഴൊക്കെ ഉള്ളുപൊള്ളക്കുന്ന കഥകളും പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ മാതൃദിനം ആഘോഷിക്കപ്പെടുന്നത്. അമ്മയെ ഓർക്കാൻ ഒരു ദിനം വേണ്ട എന്നു പറഞ്ഞുകൊണ്ട് തന്റെ ഓരോ ശ്വാസത്തിലും അമ്മയുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ഒരു മകൻ പങ്കുവെച്ച കുറിപ്പ് ഈറൻ കണ്ണുകളോടെയല്ലാതെ വായിച്ചു തീർക്കുവാനാവില്ല. ഞാനും അമ്മയും നിൽക്കുന്ന ഒരേയൊരു ചിത്രം എന്ന തലക്കെട്ടോടെ പ്രമോദ് പങ്കുവെച്ച കുറിപ്പിങ്ങനെ:-

” എനിക്ക് ഒൻപതുവയസുള്ള സമയത്താണ് (അന്ന് ഞാൻ 4 ൽ പഠിക്കുന്നു) അച്ഛൻ മരിക്കുന്നത്. അന്ന് മുതലാണ് ” അമ്മ ” എന്ന വാക്കിന്റെ മഹത്വം ശരിക്ക് മനസ്സിലാക്കി തുടങ്ങുന്നത്. 1960 കാലത്ത് തേങ്ങാപ്പുരയായി ഉപയോഗിച്ചിരുന്ന മൺകട്ട കൊണ്ടുള്ള കെട്ടിടത്തിൽ കുമ്മായം കൊണ്ട് തേച്ച ഒറ്റ മുറിയുള്ള കുഞ്ഞു വീടായിരുന്നു അന്ന്.

ദിവസം പോകുന്തോറും ദൈനംദിന ചിലവുകൾ, എന്റെ പഠനം അങ്ങനെ ചിലവുകൾ കൂടി വന്നു. അങ്ങനെ അമ്മ ജോലി നോക്കാൻ തുടങ്ങി. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ആരംഭിച്ച സോഡാ ഫാക്ടറിയിൽ ജോലി ശരിയായി. വെള്ളത്തിൽ നിന്നുള്ള പണിയാണ്. അതിന്റെ ദൂഷ്യവശങ്ങൾ (പനി, കാലിലെ തൊലി പോകൽ) ആദ്യമാസങ്ങളിൽ പിടിപെട്ടിരുന്നു. അന്ന് കൂലി 40 രൂപയാണ് ഒരു ദിവസം. 20 ദിവസമേ മാസത്തിൽ പണിയുള്ളൂ. രാവിലെ 8 മുതൽ 5 വരെ. ഞാൻ 4 മണിക്ക് സ്കൂൾ വിട്ട് വരും. അമ്മയെ കാത്തിരിക്കും.വരുമ്പോൾ ചിലപ്പോ മാങ്കോ ജ്യൂസ് കാണും കൈയ്യിൽ. ദൂരെ നിന്ന് അമ്മ വരുമ്പോൾ ഞാൻ ഓടിച്ചെല്ലും. വന്നിട്ട് അമ്മയ്ക്ക് ഒരുപാടു വീട്ടുപണികൾ ഉണ്ടാകും ഞാനും സഹായിക്കും.

വർഷങ്ങൾ കടന്നു പോയി.അമ്മയുടെ നാട് കുടകിലാണ്. ഇടക്ക് അവധിക്കാലത്ത് ഞങ്ങൾ അവിടെ പോകും.അമ്മയുടെ വീട്ടുകാർ എല്ലാം അവിടെയാണ്. അവിടെ ചെല്ലുമ്പോൾ അമ്മക്ക് പ്രത്യേക സന്തോഷം കാണാറുണ്ട്. കാലങ്ങൾ കടന്നു ഞാൻ SSLC പഠിക്കുന്ന സമയം. ഞങ്ങളുടെ 36 റബ്ബർ മരങ്ങൾ ടാപ്പിങ്ങിന് തയാറായി. പാലെടുക്കുന്നതും ഉറയ്ക്കുന്നതും അമ്മയാണ്. (അവധി ദിവസങ്ങളിൽ ഞാനും കൂടും) അക്കാലത്ത് കമ്പനിയിൽ പണി കുറവായിരുന്നു. (ശബളം 60 രൂപയാക്കി / day അതാകും).SSLC ഞാൻ ഫസ്റ്റ്ക്ലാസിൽ പാസായി അന്ന് അമ്മ എന്നെ കെട്ടിപിടിച്ച് കരഞ്ഞു.

വീട്ടിൽ ഒരു മുറിയും ബാത്ത്റൂമും കൂട്ടിയെടുത്തു. ഞാൻ +2 കഴിഞ്ഞ സമയം അമ്മ വീണ്ടും കമ്പനിയിൽ ജോലിക്ക് പോയി തുടങ്ങി. ശമ്പളം 75 ആക്കിയിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് അക്കാലത്ത് ആദ്യമായി തിയേറ്ററിൽ സിനിമ കാണാൻ പോയി “കാഴ്ച” (തൊടുപുഴ ഐശ്വര്യയിൽ) +2 അവധിക്കാലത്ത് ഞാനും റ്റാറ്റ ഇൻഡിക്കോം (TATA indicom) സെയിൽസിന് വീടുവീടാന്തരം നടന്നു. (അക്കാലത്താണ് TATA ടെലി മേഖലയിൽ കടക്കുന്നത് )

ഞങ്ങൾ രണ്ടാമത് ഒരു ചിത്രം കാണാൻ പോയി ‘രസതന്ത്രം’ (അതാണ് ഞങ്ങൾ ഒരുമിച്ച് കണ്ട അവസാന ചിത്രം) വയറിന് അസ്വസ്ഥതയും ശാരീരിക പ്രശ്നങ്ങളും കാരണം അമ്മ ജോലി നിർത്തി. പിന്നീട് 6 മാസം ആശുപത്രി ജീവിതം. കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ വാർഡുകൾ… ഇന്നും ഞാൻ ഒർക്കാൻ ആഗ്രഹിക്കാത്ത ദിനങ്ങൾ.

അമ്മയുടെ ആരോഗ്യം ദിനംപ്രതി കുറഞ്ഞു വന്നു. കീമോ തുടങ്ങിയിരുന്നു. മുടികൾ കൊഴിഞ്ഞു തുടങ്ങി. അമ്മയുടെ കണ്ണുകൾ എന്നും നിറഞ്ഞൊഴുകിയിരുന്നു. ട്രീറ്റ്മെന്റ് പൂർത്തിയാക്കി വീട്ടിൽ എത്തി. മൗനം തടം കെട്ടിക്കിടന്ന ദിനങ്ങൾ. എന്നെ ഓർത്ത് അമ്മ എന്നും രാത്രിയിൽ കരഞ്ഞുകൊണ്ടിരുന്നു. മരുന്നുകൾ പലതും മാറി മാറി പരീക്ഷിച്ചു. അലോപതി,ആയുർവേദം കൈയിലെ സാമ്പത്തിക ശേഷി വറ്റിത്തുടങ്ങി.

അങ്ങനെ 2007 ഫെബ്രുവരി 8 ന് അമ്മ മരണത്തിന് കീഴടങ്ങി. ഞാൻ ഒറ്റയായ ദിവസം. നാളുകൾക്കുശേഷം അമ്മയുടെ തുണിക്കെട്ടുകൾക്കിടയിൽ ഒരു പൊതികിട്ടി. ഞാൻ തുറന്നു നോക്കിയപ്പോൾ 16000 രൂപ. ചികിത്സക്കു പണം തീർന്നിട്ടും മരണത്തെ മുന്നിൽ കണ്ട് എന്റെ ജീവിതത്തിനായി മാറ്റിവച്ച ആ തുക. അന്നത്തെ ആ തുകയാണ് ഇന്ന് നിങ്ങൾ കാണുന്ന ഞാൻ. മുട്ടം പോളിടെക്നിക്കിലെ പഠനത്തിനു ശേഷം എറണാകുളത്ത് ഒരു കമ്പനിയിൽ ജോലിചെയ്തു. പിന്നീട് മണർകാട് കോപ്പറേറ്റീവ് ബാങ്കിൽ ജോലി ലഭിച്ചു. പിന്നീട് കാഞ്ഞിരമറ്റത്തു നിന്ന് വിവാഹവും കഴിച്ചു. ഇപ്പോൾ ഒരു കുട്ടിയുമുണ്ട്. ജോലിയും പൊതുപ്രവർത്തനവുമായി ജീവിതം മുന്നോട്ടു പോകുമ്പോൾ അമ്മയോടു പറയാനുള്ളതിതാണ്.

അമ്മേ…. എനിക്ക് അമ്മയെ ഓർക്കാൻ ഒരു ദിനം വേണ്ട …. എന്നും ഉണ്ട് എന്റെ ശ്വാസത്തിൽ…