Skip to content

നാരങ്ങയും കൊഞ്ചും ഒന്നിച്ചുകഴിച്ചാല്‍ കൊടുംവിഷമോ..? യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പ്രചാരണത്തിന് മറുപടിയുമായി ഡോ. ഷിംന അസീസ്‌

Posted in Uncategorized

യുവതിയുടെ മരണത്തെക്കുറിച്ച് വ്യാജസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തിരുവല്ല സ്വദേശിയായ യുവതിയുടെ മരണത്തെയാണ് തെറ്റായ പ്രചാരണത്തിന് മറയാക്കിയിരിക്കുന്നത്. നാരങ്ങവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതിനാലാണ് യുവതി മരിച്ചത് എന്ന പേരിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
കൊഞ്ചില്‍ അടങ്ങിയിരിക്കുന്ന ആര്‍സെനിക്ക് വിഷാംശം ഉള്ളില്‍ ചെന്നതാണ് യുവതിയുടെ മരണകാരണം എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

ഇതിന്റെ പേരില്‍ നിരവധിപ്പേര്‍ക്കിടയില്‍ പരിഭ്രാന്തി പരന്നു കഴിഞ്ഞു. എന്നാല്‍ യുവതിയുടെ മരണത്തിനു കാരണം ഇതല്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരായ ഷിനു ശ്യാമളനും ഷിംനാ അസീസും ഈ വ്യാജ പ്രചരണത്തോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഡോക്ടര്‍മാര്‍ പ്രതികരണവുമായി എത്തിയത്.

കൊഞ്ച്, ചെമ്മിന്‍ തുടങ്ങിയ മത്സ്യങ്ങളില്‍ വളരെ കുറഞ്ഞ അളവില്‍ ഓര്‍ഗാനിക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഞ്ചിലെ ആര്‍സെനിക്കിന്റെ അളവ് എന്നത് വെറും നാല് ശതമാനം മാത്രമാണ്. ഒരു കിലോ കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെയാണ് ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക്കിന്റെ അളവ്.

എന്നാല്‍ ഇത് 100 മില്ലി ഗ്രം മുതല്‍ 300 മില്ലി ഗ്രാം എങ്കിലും മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ മാത്രമെ മരണം സംഭവിക്കു. അതായത് ഒരാള്‍ മരിക്കാന്‍ 200 കിലോ ചെമ്മീന്‍ എങ്കിലും കഴിക്കണം. ഈ കാരണങ്ങളാണ് യുവതിയുടെ മരണകാരണം മറ്റൊന്നാണെന്ന വാദത്തിനു ശക്തി പകരുന്നത്.
എന്നാല്‍ കൊഞ്ച് ചെമ്മീന്‍ തുടങ്ങിയ കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നവരില്‍ ചിലര്‍ക്ക് അലര്‍ജികള്‍ വരാന്‍ സാധ്യത ഉണ്ട്. അത് മരണത്തിനു കാരണമായേക്കാം. എന്നാല്‍ ഇതും എല്ലാവര്‍ക്കും സംഭവിക്കുന്ന ഒന്നല്ല. അലര്‍ജി കൂടി ശ്വാസനാളം മൊത്തമായി അടഞ്ഞ് വളരെ പരിതാപകരമായ അവസ്ഥയിലാണ് മരണമുണ്ടാകുന്നത്.